മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ രണ്ട് ഫ്‌ലാറ്റുകള്‍ കൂടി ഇന്ന് തകര്‍ക്കുന്നതോടെ തിങ്കളാഴ്ച സുപ്രീം കോടതിയെ മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്ത കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നതാണ്. മരട് ഫ്‌ലാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള സൂപ്രീം കോടതിയുടെ അതിരൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് കോടതി വിധി നടപ്പാക്കാതെ പറ്റില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു.

അതേസമയം രണ്ട് ഫ്‌ലാറ്റുകള്‍ വിജയകരമായി പൊളിച്ച് നീക്കിയതോടെ ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാറിനും അവസാനിച്ചു. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടേയും റിപ്പോര്‍ട്ടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 10 തീരദേശ ജില്ലകളില്‍ സിഡിസി അഥവാ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റികളാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും നൂറിലേറെ കയ്യേറ്റങ്ങളുണ്ടെന്നാണ് നിഗമനം. തുടര്‍ന്ന് ജില്ലാ തല റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തി സുപ്രീം കോടതിക്ക് അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതാണ്.

Comments are closed.