മരടിലെ പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചതില്‍ ഏറ്റവും വലിയ ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം നിലം പതിച്ചു

കൊച്ചി: മരടിലെ തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തി പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചതില്‍ ഏറ്റവും വലിയ ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം നിലം പതിച്ചു. തുടര്‍ന്ന് 10.55 ന് രണ്ടാം സൈറണ്‍ മുഴങ്ങി. പൊലീസ് അവസാന വട്ട സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കി. കൃത്യം 11.1ന് ന് മൂന്നാം സൈറണ്‍. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ബ്ലാസ്റ്റ് ഷെഡ്ഡിലേക്ക് എത്തി.

വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയില്‍ വിവിധ നിലകളില്‍ സ്‌ഫോടനം നടക്കുകയായിരുന്നു. 17 നില കെട്ടിടം നിലംപൊത്താനെടുത്തത് വെറും 9 സെക്കന്റ് മാത്രമായിരുന്നു. കായലിന് അപ്പുറത്ത് ഫ്‌ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിന്‍ ഫാള്‍ മാതൃകയില്‍ ചെരിഞ്ഞ് ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ പരമാവധി കുറച്ച് വീഴുന്ന രീതിയിലായിരുന്നു സ്‌ഫോടനം.

20700 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് ജെയിന്‍ കോറല്‍ കോവ് തകര്‍ന്ന് വീണതോടെ മണ്ണടിഞ്ഞത്. ഞായറാഴ്ചയും അവധി ദിവസവും ആയതിനാല്‍ വലിയ ആള്‍ക്കൂട്ടം കെട്ടിടം തകര്‍ന്ന് വീഴുന്നത് കാണാന്‍ മരട് മേഖലയില്‍ കേന്ദ്രീകരിച്ചിരുന്നു. അതേസമയം പൊടിപടലങ്ങള്‍ നിയന്ത്രിക്കാന്‍ ഫയര്‍ ഫോഴ്‌സ് സംഘം അടക്കം നേരത്തെ തന്നെ സജ്ജമായിരുന്നു. കായലുമായി ചേര്‍ന്നിരിക്കുന്ന വീടുകളും നിറയെ മത്സ്യതൊഴിലാളികളും ഉള്ള പ്രദേശമായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരേയും ഒഴിപ്പിച്ചിരുന്നു.

Comments are closed.