ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടങ്ങിയ പ്രതിഷേധം രൂക്ഷം

ടെഹ്‌റാന്‍: യുക്രൈനിന്റെ യാത്രാ വിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടങ്ങിയ പ്രതിഷേധം രൂക്ഷമാകുകയാണ്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ ഭൂരിഭാഗവും ഇറാന്‍ പൗരന്‍മാര്‍ തന്നെയാണ്.

സ്വന്തം പൗരന്‍മാര്‍ക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് സുരക്ഷ നല്‍കാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാര്‍ പ്രതികരിക്കുന്നത്. ബുധനാഴ്ച ടെഹ്‌റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്ന 176 യാത്രക്കാരുള്ള ജട 752 പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു.

ഇറാന്‍ സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിച്ചില്ല. ആദ്യമേ തന്നെ ഇതൊരു അപകടമാണെന്ന വാദമാണ് ഉന്നയിച്ചത്. പക്ഷേ, അതിനെതിരെ അമേരിക്കയടക്കം രംഗത്തെത്തി. ഇറാന്‍ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക പറഞ്ഞിരുന്നു. പിന്നീട് ഇറാന്‍ തന്നെ ആ ദുരന്തം ഒരു ‘കയ്യബദ്ധ’മാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു.

അമേരിക്കയുടെ പ്രത്യാക്രമണമാണെന്ന് കരുതി അറിയാതെയാണ് വിമാനത്തിന് നേരെ വെടിയുതിര്‍ത്തതെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഹസ്സന്‍ സലാമി തുറന്ന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇതില്‍ നടപടിയുണ്ടാകുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും റവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞെങ്കിലും ഇത് ഇറാനിലുണ്ടാക്കിയത് വന്‍ പ്രതിഷേധമായിരുന്നു.

എന്നാല്‍ നേരത്തേ ഇന്ധനവിലവര്‍ദ്ധനയുടെ പേരില്‍ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ ഇറാനില്‍ ഇപ്പോള്‍ വീണ്ടും ജനരോഷം നടക്കുകയാണ്. പതിനായിരങ്ങളാണ് കൊല്ലപ്പെട്ട പൗരന്‍മാര്‍ക്ക് നീതിവേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.

ടെഹ്‌റാനില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമനേയിക്ക് എതിരെയടക്കം മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ ”സൊലേമാനി കൊലയാളിയായിരുന്നു, അയാളുടെ നേതാവ് അലി ഖമനേയിയും കൊലയാളിയാണ്” എന്നടക്കമുള്ള മുദ്രാവാക്യങ്ങളുണ്ടായിരുന്നു.

Comments are closed.