മരടിലെ അഞ്ച് ഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുകയെന്ന ലക്ഷ്യം പൂര്‍ണ്ണ വിജയത്തിലെത്തി

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മ്മിച്ച മരടിലെ അഞ്ച് ഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുകയെന്ന ലക്ഷ്യം പൂര്‍ണ്ണ വിജയത്തിലെത്തി. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറീനിന്റെ ഇരട്ട ടവറുകള്‍ എന്നിവ ശനിയാഴ്ച തകര്‍ത്തിരുന്നു. ജയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവ ഇന്നലെ തകര്‍ത്തിരുന്നു.

അഞ്ചില്‍ ഏറ്റവും വലിയ ഫ്‌ളാറ്റായിരുന്ന ജെയിന്‍ കോറല്‍ കോവാണ് ഇന്നലെ ആദ്യം വീണത് – രാവിലെ 11.01ന്. 17 നിലകളും 128 അപ്പാര്‍ട്ടുമെന്റുകളുമുള്ള കോറല്‍ കോവ് ആറു സെക്കന്‍ഡില്‍ തകര്‍ന്നു. തുടര്‍ന്ന് ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് രണ്ടിന് പൊളിക്കാന്‍ നിശ്ചയിച്ചെങ്കിലും 2.29 നാണ് തകര്‍ത്തത്. ദേശീയപാതയ്ക്കു സമീപം കണ്ണാടിക്കാട്ടാണ് ഫ്‌ളാറ്റ്.1.56 ന് ആദ്യസൈറണ്‍ മുഴങ്ങിയെങ്കിലും ഫ്‌ളാറ്റിന് സമീപത്തു നിന്ന് ചില വസ്തുക്കള്‍ നീക്കുന്നതിനായി സ്ഫോടനം നീട്ടിയിരുന്നു.

അതേസമയം കായല്‍ തീരത്താണെങ്കിലും ഒരുപിടി മാലിന്യം പോലും വെള്ളത്തില്‍ വീഴാതെ കൃത്യതയോടെ സ്‌ഫോടനം നടത്തിയത്. കായലോരത്തിന്റെ മതിലിനോട് ചേര്‍ന്ന അങ്കണവാടി കെട്ടിടം സുരക്ഷിതമാക്കാനുള്ള ദൗത്യവും പൂര്‍ണവിജയമായി. ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു മീറ്റര്‍ മാത്രം ദൂരെയുള്ള അങ്കണവാടി ടാര്‍പാളിന്‍ കൊണ്ട് മൂടിയിരുന്നു. ജനാലയുടെ ഒരു ചില്ല് പൊട്ടിയതൊഴിച്ചാല്‍ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. തുടര്‍ന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പൊളിക്കലിന്റെ റിപ്പോര്‍ട്ട് വൈകാതെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്നതാണ്.

Comments are closed.