കെട്ടിടത്തിന്റെ ജനല്‍ ഇളക്കിമാറ്റുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

പോത്തന്‍കോട്: പോത്തന്‍കോട് കരൂരിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച പഴയ ടൂട്ടോറിയല്‍ കെട്ടിടത്തിന്റെ ജനല്‍ ഇളക്കിമാറ്റുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഇന്നലെ വൈകിട്ട് 5 .15ന് മണ്ഡപകുന്ന് അനീഷ് ഭവനില്‍ സണ്ണിയാണ് (52 ) മരിച്ചത്. കെട്ടിടത്തിലെ ചുവരിടിച്ച് ജനല്‍ ഇളക്കിമാറ്റുന്നതിനിടെയാണ് സണ്ണിയുടെ ദേഹത്ത് കോണ്‍ക്രീറ്റ് സ്‌ളാബ് ഉള്‍പ്പെടുന്ന ചുവര്‍ ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു.

എന്നാല്‍ അരയ്ക്കുമുകളിലുള്ള ഭാഗം പൂര്‍ണമായും ചുമരിന് അടിയില്‍പ്പെട്ടിരുന്നു. നാട്ടുകാര്‍ സണ്ണിയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സണ്ണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പോത്തന്‍കോട് മണ്ഡപകുന്ന് പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍ എന്നുവിളിക്കുന്ന ക്ലമന്റിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരൂര്‍ സ്വദേശി രാമചന്ദ്രന്‍ നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ജീര്‍ണാവസ്ഥയിലായി ഉപേക്ഷിച്ച കെട്ടിടത്തില്‍നിന്ന് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവര്‍ ജനലും ഇഷ്ടികകളും ഇളക്കിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് ഉടമ പറഞ്ഞത്. അനിതയാണ് മരിച്ച സണ്ണിയുടെ ഭാര്യ. മക്കള്‍: അനീഷ്,സനുലാല്‍.

Comments are closed.