വിഷന്‍ എസ്യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്‌കോഡ

വിഷന്‍ എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് സ്‌കോഡ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് റഷ്‌ലെയ്ന്‍ പുറത്തുവിട്ടിരിക്കുന്നത്. എസ്‌യുവി പൂര്‍ണമായും മറച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് മുഖ്യ എതിരാളികള്‍.

ആഗോള വിപണിയിലുള്ള സ്‌കോഡയുടെ കോമ്പക്ട് എസ്‌യുവിയായ കാമിക്കുമായി കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതാണ് വിഷന്‍ എസ്‌യുവി എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോളില്‍ നിന്നും അല്‍പ്പം മാറ്റി സ്ഥാപിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം എന്നിവ കാറില്‍ ഇടംപിടിച്ചേക്കും.

നിരവധി കണക്ടിവിറ്റി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രോം ആവരണത്തോടെയുള്ള ബട്ടര്‍ഫ്‌ളൈ ഗ്രില്‍, സ്പ്ലിറ്റ് പ്രോജക്ട് ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ളേറ്റുകളോടു കൂടിയ മുന്‍പിന്‍ ബമ്പറുകള്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ എന്നിവയൊക്കെയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍.

സ്‌കോഡയുടെ മറ്റ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഷാര്‍പ് ബോഡി പാനലുകളും, ക്യാരക്ടര്‍ ലൈനുകളും പുതിയ എസ്‌യുവിയുടെ വശങ്ങളിലും കാണാന്‍ സാധിക്കും. എല്‍ഇഡി ടെയില്‍ ലാമ്പുകളും, റൂഫ് മൗണ്ടഡ് സ്പോയിലറുമാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്.

വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്സ്ട്രുമെന്റേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരാമിക് സണ്‍റൂഫ്, പുറകില്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡ്രൈവ് മോഡുകള്‍, ആമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകള്‍.

എഞ്ചിന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ അഥവാ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DSG യൂണിറ്റായിരിക്കും ഗിയര്‍ബോക്‌സ്.

ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ പരീഷ്‌കരിക്കുമ്പോള്‍ ചെലവേറും എന്നതുകൊണ്ട് ഡീസല്‍ എഞ്ചിന്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം തന്നെ ഡീസല്‍ പതിപ്പുകളോടുള്ള ഉപഭോക്താക്കളുടെ താല്പര്യവും വിപണിയില്‍ കുറയുന്നുവെന്നാണ് പറയുന്നത്.

വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, അധികം വൈകാതെ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തിയേക്കും. കഴിഞ്ഞ വര്‍ഷം അധികം മോഡലുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചില്ലെങ്കിലും ഈ വര്‍ഷം ഏകദേശം അഞ്ച് മോഡലുകളൊയാണ് ഇന്ത്യന്‍ വിപണിയിലേക്ക് സ്‌കോഡ മാറ്റി വെച്ചിരിക്കുന്നത്.

കമ്പനിയുടെ MQB A0 പ്ലാറ്റ്ഫോമിലൊരുങ്ങുന്ന കോമ്പക്ട് എസ്‌യുവിയാകും കാമിക്ക്. കമ്പനിയുടെ ഏറ്റവും പുതിയ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും കാറില്‍ അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള്‍ പങ്കുവയ്ക്കുന്നത്.

Comments are closed.