രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഡിവൈ.എസ്.പി ദാവിന്ദര്‍ സിംഗ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പിര്‍ പഞ്ചാല്‍ മലനിരയിലെ റോഡ് തുരങ്കം വഴി അനന്ത്‌നാഗ് ജില്ലയിലെ ഖ്വാസിഗുണ്ടിലെത്തുന്നതിനയുള്ള ശ്രമത്തിനിടെ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി ദാവിന്ദര്‍ സിംഗ് അവരില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കാശ്മീരിന് പുറത്തു കടന്ന് ഡല്‍ഹിയിലെത്താനായിരുന്നു തീരുമാനം.

ശനിയാഴ്ചയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജില്ലാ കമാനഡര്‍ നവീഡ് ബാബു, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കൊപ്പം ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സംഘത്തെ പിടികൂടിയത്. ഡിവൈ.എസ്.പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയില്‍ ഭീകരരുമായി വന്ന സ്വന്തം വാഹനം ഓടിച്ചിരുന്നത് ദാവിന്ദറായിരുന്നു.

കീഴടങ്ങാന്‍ സന്നദ്ധരായ ഹിസ്ബുള്‍ ഭീകരരെ വാഹനത്തില്‍ എത്തിക്കുന്നതിനിടെ തന്നെ പിടികൂടിയെന്നാണ് ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ പറഞ്ഞത്.അതേസമയം കീഴടങ്ങല്‍ ഉദ്ദേശ്യമേ തങ്ങള്‍ക്കില്ലായിരുന്നെന്ന് പിടിയിലായ ഭീകരര്‍ വെളുപ്പെടുത്തിയതോടെ ദാവിന്ദറിന്റെ വാദം പൊളിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ധീരതയ്ക്ക് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഓഫീസറാണ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാകുന്നത്.

ഭീകര വിരുദ്ധ ഓപ്പറേഷനുകള്‍ നയിച്ചത് മാനിച്ചായിരുന്നു മെഡല്‍. ജമ്മു-കാശ്മീര്‍ പൊലീസ് സര്‍വീസില്‍ അംഗമായ ഇയാള്‍ക്ക് ഇപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ഡ്യൂട്ടി. അതേസമയം റിപ്പബ്‌ളിക് ദിനത്തിനു മുന്നോടിയായി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് സംശയിക്കുകയാണ്.

Comments are closed.