കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു ; പങ്കെടുക്കാതിരുന്നത് ആറ് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമവും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പാര്‍ലമെന്റ് അനക്‌സില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്,ബി.എസ്.പി, എസ്.പി, ഡി.എം.കെ, ശിവസേന, ആംആദ്മി പാര്‍ട്ടി എന്നിങ്ങനെ ആറ് പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.

എന്നാല്‍ യോഗത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളാണെന്ന് കുറ്റപ്പെടുത്തി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും രാജസ്ഥാനില്‍ കോണ്‍ഗ്രസുമായുള്ള പ്രശ്‌നമാണ് ബി.എസ്.പി നേതാവ് മായാവതിയെ ബഹിഷ്‌കരണത്തിന് പ്രേരിപ്പിച്ചത്.

പൗരത്വ ഭോദഗതി ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഒപ്പം നിന്ന ഡി.എം.കെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ അകന്നു നിന്നു. മഹാരാഷ്ട്രയില്‍ ഭരണമുന്നണിയിലുള്ള ശിവസേനയ്ക്ക് പുറമെ , സമാജ്വാദി പാര്‍ട്ടിയും ക്ഷണം ലഭിച്ചില്ലെന്ന കാരണമാണ് അറിയിച്ചത്.

അതേസമയം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എതിര്‍ പക്ഷത്തുള്ള കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് രാഷ്ട്രീയമായി ദോഷം ചെയ്തേക്കുമെന്ന വിലയിരുത്തലാണ് ആംആദ്മി പാര്‍ട്ടി പിന്‍മാറാന്‍ കാരണം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍സിംഗ്, ഗുലാം നബി ആസാദ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു.

ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍(എന്‍.സി.പി), സീതാറാം യെച്ചൂരി(സി.പി.എം), ഡി. രാജ(സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി(മുസ്‌ളീം ലീഗ്), തോമസ് ചാഴിക്കാടന്‍(കേരളാ കോണ്‍ഗ്രസ്), ജി. ദേവരാജന്‍(ഫോര്‍വേഡ് ബ്‌ളോക്ക്), ശരത് യാദവ്(ലോക്താന്ത്രിക് ദള്‍), ഹേമന്ത് സോറന്‍(ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) എന്നിവരും ആര്‍.ജെ.ഡി,ആര്‍.എസ്.പി, എ.ഐ.യു.ഡി.എഫ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജെ.ഡി.എസ്, ആര്‍.എല്‍.ഡി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച,ആര്‍.എല്‍.എസ്.പി, സ്വാഭിമാന്‍ പക്ഷ,വി.സി.കെ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

തുടര്‍ന്ന് ജനുവരി 23ന് നേതാജി സുബാഷ്ചന്ദ്ര ബോസിന്റെ ജന്‍മദിനത്തിലും 26ന് റിപ്പബ്‌ളിക് ദിനത്തിലും 30ന് ഗാന്ധിജി രക്തസാക്ഷി ദിനത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിരിക്കുകയാണ്.

Comments are closed.