കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ജോസ്, ജോസഫ് വിഭാഗങ്ങളെ തഴഞ്ഞ് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നീക്കം
തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ജോസ്, ജോസഫ് വിഭാഗങ്ങളെ തഴഞ്ഞ് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. അതിനായി ചങ്ങനാശ്ശേരി രൂപതയുടെ ആശീര്‍വാദത്തോടെ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനും യു.ഡി.എഫ് ഏകോപനസമിതി സെക്രട്ടറിയുമായ ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയതായാണ് അറിവ്.
തുടര്‍ന്ന് കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കണക്കിലെടുത്ത് കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഘടകകക്ഷികളുടെ സീറ്റ് കവരുന്നത് മുന്നണിയില്‍ തര്ക്കത്തിനിടയാക്കുമെന്ന ആശങ്കയില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഇത് ബാധിക്കുമെന്നതും കണക്കിലെടുത്താണ് എല്ലാവര്ക്കും സ്വീകാര്യമായ മുഖമെന്ന നിലയില്‍ ജോണിനെല്ലൂരിന്റെ പേര് വന്നത്. ജേക്കബ് ഗ്രൂപ്പ് മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്.
ജേക്കബ് ഗ്രൂപ്പ് ഡി.ഐ.സിയില്‍ ലയിച്ചപ്പോഴാണ് സീറ്റ് 2006ല്‍ ഡി.ഐ.സിക്ക് കൈമാറിയത്. തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ മത്സരിച്ച് വിജയിച്ചത് ആ തിരഞ്ഞെടുപ്പിലാണ് . അന്ന് ഇടതുമുന്നണിയിലായിരുന്ന ജോസഫ് വിഭാഗത്തിലെ ഡോ.കെ.സി. ജോസഫായിരുന്നു എതിരാളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പില്‍ ജോസഫ് പക്ഷത്തെ ജേക്കബ് എബ്രഹാമാണ് മത്സരിച്ചത്. അതിനാലാണ് ജോസഫ് സീറ്റിനായി അവകാശവാദമുന്നയിക്കുന്നത്.
എന്നാല്‍ പാര്‍ട്ടിയുടെ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞാണ് ജോസ് വിഭാഗം നിലപാട് അറിയിച്ചത്. പഴയ ജോസഫ് വിഭാഗത്തിലെ ഡോ.കെ.സി. ജോസഫ് ഇപ്പോള്‍ ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ ഭാഗമായി ഇടതുമുന്നണിയിലാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ ഇടയ്ക്ക് ജോസഫ് വിഭാഗം ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് താല്പര്യം കാണിച്ചിരുന്നില്ല.
Comments are closed.