ജെ എന്‍ യു വിലെ ഫീസ് വര്‍ധനവ് നിയമപരമായി നേരിടാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നീക്കം

ദില്ലി: ജെ എന്‍ യു വിലെ ഫീസ് വര്‍ധനവ് നിയമപരമായി നേരിടുന്നതിനായി യൂണിയന്റെ നിയമ സംഘവുമായി ചര്‍ച്ചകള്‍ നടത്തി. ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായി ബഹിഷ്‌ക്കരിക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളോട് ഇതു സംബന്ധിച്ച് നിലപാട് യൂണിയന്‍ അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു.

അതേ സമയം ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ദില്ലി പൊലീസ് ചോദ്യം ചെയ്തു. കാമ്പസിലെ യൂണിയന്‍ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെ ഒമ്പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് കാമ്പസില്‍ എത്തിയത്.

കേസില്‍ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. അതേസമയം കേസില്‍ ഇതുവരെ 49 പേര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. സുരക്ഷാ ജീവനക്കാരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കാമ്പസിനുള്ളിലും ചുറ്റും പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാട്ട്‌സ് ആപ്പിനും ഗൂഗിളിനും, ആപ്പിളിനും ദില്ലി ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

അതേ സമയം ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാര്‍ഥികളും അധ്യാപകരുമായി പല തവണ നടന്ന ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ വ്യക്തമാക്കി.

Comments are closed.