ട്വന്റി 20 ലോകകപ്പില്‍ 2024 മുതല്‍ ടീമുകളുടെ എണ്ണം പതിനാറില്‍ നിന്ന് ഇരുപതാക്കി ഉയര്‍ത്താന്‍ പദ്ധതി

ലണ്ടന്‍: ട്വന്റി 20 ലോകകപ്പില്‍ 2024 മുതല്‍ ടീമുകളുടെ എണ്ണം പതിനാറില്‍ നിന്ന് ഇരുപതാക്കി ഉയര്‍ത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചെറിയ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ഐസിസി ലക്ഷ്യമിടുന്നത്.

നിലവില്‍ 16 ടീമുകളാണ് ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി മാതൃകയില്‍ പുതിയ ഏകദിന-ടി20 ടൂര്‍ണമെന്റുകള്‍ക്കും ഐസിസി പദ്ധതിയിടുന്നതായാണ് വിവരം. മാര്‍ച്ചിലാണ് അടുത്ത ഐസിസി യോഗം നടക്കുക.

ടെസ്റ്റ് ക്രിക്കറ്റ് നാലുദിവസമായി ചുരുക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അതേസമയം അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. റാങ്കിംഗില്‍ താഴെയുള്ള ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ലോകകപ്പിനെത്തുക.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് മത്സരങ്ങള്‍. വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. എന്നാല്‍ വിവിധ രാജ്യങ്ങളുടെ ക്രിക്കറ്റ് കലണ്ടര്‍ പരിഗണിച്ചും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് ഐസിസി അറിയിച്ചു.

Comments are closed.