നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്നലെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളില്‍ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ തള്ളിയതിനാല്‍ പ്രതികള്‍ക്ക് സുപ്രീംകോടതിയിലെ അവസാന നിയമ നടപടിയായിരുന്നു തിരുത്തല്‍ ഹര്‍ജി. എന്നാല്‍ തിരുത്തല്‍ ഹര്‍ജികളും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്നലെ ഏകകണ്ഠമായി തള്ളുകയായിരുന്നു.

സുപ്രീംകോടതിയില്‍ ജസ്റ്റിസ്മാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയത്. ഉച്ചയ്ക്ക് 1.45 ഓടെ ജസ്റ്റിസ് എന്‍.വി. രമണയുടെ ചേംബറിലാണ് തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. 2002ലെ ഒരു കേസില്‍ വ്യക്തമാക്കിയ ഈ രണ്ട് മാനദണ്ഡങ്ങളും പ്രകാരം പ്രതികളുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി.

പവന്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നീ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നില്ല. മറ്റു രണ്ടുപേരുടെയും ഹര്‍ജികള്‍ തള്ളിയതിനാല്‍ ഇനി ഇവര്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കുന്നതിന് പ്രസക്തിയില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറഞ്ഞു. അതേസമയം വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയില്‍ മുകേഷ് സിംഗ് ഇന്നലെ തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനും ദയാഹര്‍ജി നല്‍കിയതായും അപേക്ഷയില്‍ പറയുന്നു. കൂടാതെ ജനുവരി 22ന് നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്.

Comments are closed.