ദേശീയ പൗരത്വ ഭേദഗതി നിയമം : കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കി സംസ്ഥാന ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും ഭരണഘടനയുടെ 256-ാം അനുച്ഛേദ പ്രകാരം കേന്ദ്ര നിയമം നടപ്പിലാക്കേണ്ടതാണെങ്കിലും ഭരണഘടനാവിരുദ്ധ നിയമം നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതേസമയം പൗരത്വഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജനുവരി 22നാണ് സുപ്രീം കോടതി പരിഗണനയിലെത്തുന്നത്.

Comments are closed.