പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപം

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് സമാപ്തി കുറിച്ച് ഇന്ന് ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപം. 56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. മണ്‍ചിരാതുകള്‍ക്കു പുറമേ വൈദ്യുതിദീപങ്ങള്‍ കൊണ്ടും അലങ്കരിക്കുന്നതാണ്. ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും. 27 സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

ശീവേലി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കാണാന്‍ എട്ട് വീഡിയോ വാളുകളും സ്ഥാപിച്ചിട്ടുണ്ട്. ലക്ഷദീപത്തിന് മുന്നോടിയായി രാധേശ്യാം എന്ന പേരില്‍ 300 കലാകാരന്മാര്‍ പങ്കെുടുത്ത മെഗാ നൃത്തമേളയും അരങ്ങേറിയിരുന്നു. ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744ലാണ് തുടങ്ങിയത്. ഇത് 45ാമത്തെ ലക്ഷദീപം. പരീക്ഷണാര്‍ത്ഥമായി നടത്തിയ ദീപം തെളിയിക്കലും അത്ഭുതക്കാഴ്ചയായിരുന്നു.

Comments are closed.