ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്‍ എത്തുമെന്നു സൂചന ലഭിച്ചു

കോഴിക്കോട് : ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് എന്നതു സംബന്ധിച്ച അനിശ്ചിതത്വം അപ്പോഴും തുടരുകയാണ്. തുടര്‍ന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്‍ എത്തുമെന്നാണ് സൂചന. അതേസമയം സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന തീരുമാനം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ കേന്ദ്ര നേതൃത്വം എടുത്തിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തില്‍ യുവനിരയ്ക്കായിരിക്കണം പ്രാതിനിധ്യമെന്ന ആര്‍എസ്എസ് നിലപാട് കെ.സുരേന്ദ്രന് അനുകൂലമാണെന്ന് ചില സംസ്ഥാന നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. എങ്കില്‍ എം.ടി.രമേശിന് നല്‍കേണ്ട ചുമതല എന്തായിരിക്കുമെന്നതില്‍ അനിശ്ചിതത്വമാണുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തു കഴിഞ്ഞെങ്കിലും ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുവരെ രഹസ്യമാക്കിവയ്ക്കാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന നേതാക്കള്‍തന്നെ വ്യക്തമാക്കുകയാണ്.

Comments are closed.