ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന: സ്ഥാപിക്കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭരണഘടനയിലെ 370 ാം വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ആശുപത്രികളിലും ബാങ്കുകളിലും ഉള്‍പ്പെടെ പുന: സ്ഥാപിക്കാനായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടാകുന്നതാണ്.

അതേസമയം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ദുരുപയോഗം ഉണ്ടായാല്‍ അതിന് ഉത്തരവാദികള്‍ ഈ സ്ഥാപനങ്ങള്‍ ആയിരിക്കും. അതുകൊണ്ടു തന്നെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കല്‍, റെക്കോഡിംഗ്, ഉപയോഗം നിരീക്ഷിക്കല്‍, അംഗീകൃത ഉപയോക്താക്കളാണോ എന്നത് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ അവശ്യ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

എന്നാല്‍ തലസ്ഥാന നഗരമായ ശ്രീനഗര്‍ ഉള്‍പ്പെടെ സെന്‍ട്രല്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ആദ്യം പുന:സ്ഥാപിക്കുക. ഇതിന് പിന്നാലെ കുപ്വാരയും ബന്ദിപോരയും ബാരാമുള്ളയും വരുന്ന വടക്കന്‍ കശ്മീരിലും രണ്ടു ദിവസത്തിന് ശേഷം പുല്‍വാമയും കുള്‍ഗാമും ഷോപിയാനും അനന്ദനാഗും വരുന്ന തെക്കന്‍ കശ്മീരും വരും. രണ്ടു ദിവസത്തെ ഇടവേളകളിലാണ് ഇന്റര്‍നെറ്റ് തടസ്സം നീക്കുക. ഒരാഴ്ച കഴിഞ്ഞ് നിരീക്ഷിച്ച ശേഷമാകും ഗവര്‍ണര്‍ സെല്‍ ഫോണിലേക്കുള്ള ഇന്റര്‍നെറ്റ് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.

കശ്മീര്‍ സംസ്ഥാനത്തെ ജമ്മുവും കശ്മീരുമാക്കി രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ആഗസ്റ്റിന് ശേഷം മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച കശ്മീരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് പുതിയ തീരുമാനം.

Comments are closed.