ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഇന്ധനം താഴേയ്ക്ക് പതിച്ച് 56 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ലോസ് ആഞ്ജലിസ് : ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തവേ വിമാനത്തില്‍ നിന്നും ഇന്ധനം താഴേയ്ക്ക് പതിച്ച് 56 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. അടിയന്തര ലാന്‍ഡിങിന് മുന്നോടിയായി വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി പുറത്തു വിട്ട ഇന്ധനമാണ് സ്‌കൂളിന് സമീപം പതിച്ചത്. എന്നാല്‍ ജനവാസമില്ലാത്ത മേഖലയ്ക്ക് മുകളില്‍ വളരെ ഉയരത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഇന്ധനം പുറത്തു വിടാറുള്ളത്.

ഇത്തരത്തില്‍ പുറന്തള്ളുന്ന ഇന്ധനം ആരെയും ബാധിക്കാതെ താഴെ എത്തുന്നതിന് മുന്‍പു തന്നെ അന്തരീക്ഷത്തില്‍ കലരുകയാണ് ചെയ്യാറ്. എന്നാല്‍, ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും പുറന്തള്ളിയ ഇന്ധനം പതിവിന് വിപരീതമായി നേരിട്ട് സ്‌കൂളിനു സമീപം പതിക്കുകയായിരുന്നു. അന്തരീക്ഷത്തില്‍ ഇന്ധനത്തിന്റെ രൂക്ഷഗന്ധം പരന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സമീപവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനത്തിന്റെ ഇന്ധനം അന്തരീക്ഷത്തില്‍ കലര്‍ന്നതോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

Comments are closed.