പാറ ക്വാറിയിൽ നടന്ന അപകടത്തിൽ രണ്ട് മരണം

കൊല്ലം: കൊട്ടാരക്കര താലൂക്കിലെ ആയൂരില്‍ പ്രവര്‍ത്തിച്ച് വന്ന സ്റ്റാര്‍ ക്വാറിയില്‍ ഇന്ന് ഉച്ചക്ക് നടന്ന അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടു കൂടി വാളകം വില്ലേജില്‍ കമ്പം കോട് ഭാഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്റ്റാര്‍ ഇന്‍ഡസ്ടട്രീസ് എന്ന പാറക്വാറിയില്‍ പാറ അടര്‍ന്ന് വീണാണ് രണ്ട് ഹിറ്റാച്ചി ഓപ്പറേറ്റര്‍മാര്‍ മരണപ്പെട്ടത്. കൊല്ലം കരിക്കോട് കരീം മന്‍സില്‍ തൗഫീക്ക് (25) ആസ്സാം സ്വദേശി നുവാന്‍ ലക്ര(32) എന്നിവരാണ് മരണപ്പെട്ടത്.

പൊട്ടിച്ചിട്ട പാറ ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റുന്ന സമയത്താണ് മുകളില്‍ നിന്നും പാറ അടര്‍ന്ന് വീണ് അപകടം ഉണ്ടായത്. രണ്ട് മൃതദേഹങ്ങളും കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവസ്ഥലത്ത് പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍ കൊട്ടാരക്കര തഹസില്‍ദാര്‍ തുളസീധര പിള്ള, താലൂക്ക് ജീവനക്കാരായ ഹരികുമാര്‍, സന്തോഷ്,രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്ന് വരുന്നു.

ഷിബു കൂട്ടുംവാതുക്കല്‍

Comments are closed.