വാര്‍ഡ് വിഭജന നടപടികളും പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കലും അനിശ്ചിതത്വത്തിലാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതില്‍ നേരത്തേ പരസ്യമായി അതൃപ്തി അറിയിച്ച ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരും ഭരണ- പ്രതിപക്ഷകക്ഷി നേതാക്കളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷാവസാനം നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള വാര്‍ഡുകളുടെ എണ്ണം ഒന്ന് വീതം കൂട്ടാനും ,അതുവഴി മൊത്തം വാര്‍ഡുകളുടെ വിഭജനത്തിന് സാഹചര്യമൊരുക്കുന്നതിനും മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതം അറിയിച്ചു.

ഇന്നലെ കൊല്ലം ഗസ്റ്റ് ഹൗസില്‍ വച്ച് ഗവര്‍ണറെ കണ്ട തദ്ദേശ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ ഈ ഓര്‍ഡിനന്‍സിന്റെ കാര്യം സൂചിച്ചപ്പോഴാണ് ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കുന്നതില്‍ ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഓര്‍ഡിനന്‍സ് ഉടനെ ഇറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

‘ ഞാന്‍ ഒപ്പിട്ടില്ലെങ്കിലും നിയമസഭ ചേരാനിരിക്കുകയല്ലേ, നിങ്ങള്‍ക്കത് ബില്ലാക്കി നിയമസഭയില്‍ കൊണ്ടുവരാമല്ലോ’ എന്നായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. എന്നാല്‍ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ഡ് വിഭജന നടപടികളും പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കലും അനിശ്ചിതത്വത്തിലായി.

Comments are closed.