ഗതാഗതക്കുരുക്കും യാത്രക്കാരുടെ അസൗകര്യവും പരിഗണിച്ച് ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന് കേരളത്തിന് ഒരുമാസത്തെ ഇളവ്

ന്യൂഡല്‍ഹി: ദേശീയപാതയിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന് ഗതാഗതക്കുരുക്കും യാത്രക്കാരുടെ അസൗകര്യവും പരിഗണിച്ച് കേരളത്തിന് ഒരുമാസത്തെ ഇളവ് അനുവദിച്ചു. തുടര്‍ന്ന് ഉയര്‍ന്ന പണമിടപാട് നടക്കുന്ന തൃശൂര്‍ പാലിയേക്കര, കൊച്ചി കുമ്പളം ഉള്‍പ്പെടെ രാജ്യത്തെ 65 ബൂത്തുകള്‍ക്കാണ് കേന്ദ്രഗതാഗത മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്.

കൂടാതെ ഇവിടെ 25 ശതമാനം ലൈനുകള്‍ ഫാസ്ടാഗിനൊപ്പം പണവും സ്വീകരിക്കാന്‍ സൗകര്യമുള്ള ഹൈബ്രിഡ് ലൈനാക്കാന്‍ ദേശീയപാത അതോറിട്ടിയോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിലവില്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.

എന്നാല്‍ ഫാസ്ടാഗുകളുടെ കുറവ് കാരണം ഡിസംബര്‍ 15ലേക്കും പിന്നീട് ജനുവരി 15ലേക്കും മാറ്റിയിരുന്നു. അതേസമയം ഇന്നലെ മുതല്‍ മറ്റിടങ്ങളില്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കി. ഇവിടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോളടയ്ക്കാന്‍ ഒരു കൗണ്ടറേ ഉണ്ടാകുകയുള്ളു.

Comments are closed.