നിര്‍ഭയ കൂട്ടമാനഭംഗക്കേസ് : മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജിയെത്തുടര്‍ന്ന് പ്രതികളുടെ വധശിക്ഷ വൈകും

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ ദയാഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടി മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതാണ്. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവരെ 22ന് രാവിലെ ഏഴിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്.

ദയാഹര്‍ജി രാഷ്ട്രപതി തള്ളി കുറഞ്ഞത് 14 ദിവസം കഴിയാതെ വിധി നടപ്പാക്കാനാകില്ലെന്നാണ് നിയമം. അതിനാല്‍ പ്രതികളിലൊരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ദയാ ഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ ഒരു സാഹചര്യത്തിലും 22ന് ശിക്ഷ നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാറും ഡല്‍ഹി പൊലീസും വ്യക്തമാക്കി.

അതേസമയം മരണവാറണ്ട് പുറപ്പെടുവിച്ചത് യുക്തിസഹമാണ്. സെഷന്‍സ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കും മുമ്പ് ഹര്‍ജിക്കാരന്‍ തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ നല്‍കിയിട്ടില്ല. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി അഡിഷണല്‍ സെഷന്‍സ് കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനും നിര്‍ദ്ദേശിച്ചു. മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന ശുപാര്‍ശ ഡല്‍ഹി സര്‍ക്കാര്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് കൈമാറുകയായിരുന്നു.

Comments are closed.