ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ചതായി ഗവര്‍ണറുടെ ഉത്തരവ്

ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിനു പിന്നാലെ സമ്മാനിച്ച ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ചതായി കശ്മീര്‍ ലെഫ്നന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി. കൂടാതെ ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികളും മരവിപ്പിച്ചിരിക്കുകയാണ്.

ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാര്‍ യാത്രക്കിടെ ദേവീന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തീവ്രവാദികളെ ദില്ലിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിക്കുകയും ചെയ്തിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്.

തുടര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങളിലെ സിങ്ങിന്റെ പങ്കിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്റ്സ് ഏജന്‍സികളും അന്വേഷണം നടക്കുകയാണ്. അതേസമയം ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ റിയാസ്‌നൈക്കൂവിനെ വകവരുത്താനുള്ള ദൗത്യത്തിലായിരുന്നു താനെന്ന അവകാശവാദമാണ് ഇപ്പോള്‍ ദവീന്ദര്‍ സിങ് നടത്തുന്നത്. എന്നാല്‍, ഇതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ല. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദവിരുദ്ധ യൂണിറ്റുകളൊന്നും ഒരു കാര്യത്തിനും ദേവീന്ദറെ ചുമതലപ്പെടുത്തുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.

അതേസമയം ഭീകരര്‍ രണ്ടുദിവസം ശ്രീനഗറിലെ ഇന്ദ്രാ നഗറിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വസതിയില്‍ തങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ജമ്മുവിലേക്കുള്ള ഹൈവേയില്‍ ചെക്പോസ്റ്റില്‍വച്ച് പോലീസ് കാര്‍ തടഞ്ഞുപരിശോധിച്ചപ്പോള്‍ താനാരാണെന്നു വ്യക്തമാക്കിയ ദവീന്ദര്‍സിംഗ് കാറിലുള്ളത് കുടുംബാംഗങ്ങളാണെന്നാണു പറഞ്ഞു.

ഇയാളുടെ വീട്ടില്‍നിന്ന് ഒരു എ.കെ.-47 െറെഫിള്‍, രണ്ടു പിസ്റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, രണ്ടുലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി ജമ്മുവിലെ ഭീകരര്‍ക്ക് ദവീന്ദര്‍ ഒളിയിടം ഒരുക്കിയിരുന്നുവെന്നും ഇതിനായി നല്ല പ്രതിഫലം വാങ്ങിയിരുന്നുവെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അറസ്റ്റിലായ രണ്ടുപേരെയും ചണ്ഡീഗഡിലേക്കു കൂട്ടിക്കൊണ്ടുപോയി താമസസൗകര്യം ഒരുക്കാനാണ് ദേവിന്ദര്‍ പദ്ധതിയിട്ടിരുന്നത്. 1990ല്‍ സബ് ഇന്‍സ്പെക്ടറായി പോലീസില്‍ പ്രവേശിച്ച സിങ്, നിരവധി ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായിട്ടുണ്ട്. നിലവില്‍ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആന്റിഹൈജാക്കിങ് സെല്ലിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കശ്മീര്‍ താഴ്വരയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനാണ് ദേവീന്ദര്‍ സിങ്.

Comments are closed.