ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കും മുന്‍പ് തനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് ഇന്നലെ നടത്തിയ പ്രതികരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സിലും പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതിയെ സമീപിച്ചതിലും സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഗവര്‍ണര്‍.

എന്നാല്‍ ഗവര്‍ണറുടെ വിമര്‍ശനങ്ങളില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ മേധാവിയായ തന്നോട് അഭിപ്രായം തേടിയിട്ടില്ല. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കോടതിയെസമീപിച്ചത് താന്‍ മാധ്യമങ്ങളിലുടെയാണ് അറിഞ്ഞത്. സര്‍ക്കാര്‍ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും.

ചിലര്‍ നിയമത്തിനു മുകളിലാണോ എന്ന തോന്നലുണ്ട്. എന്നാല്‍ എല്ലാവരും നിയമത്തിനു താഴെയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്തിനാണ്. ഓര്‍ഡിനന്‍സിലെ ചില കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തിരിക്കുന്നത്. താന്‍ വെറും റബര്‍ സ്റ്റാമ്പല്ല. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കും മുന്‍പ് തനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.