സംസ്ഥാന സര്‍ക്കാരുകളുടെ മുകളില്‍ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സര്‍ക്കാര്‍ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും താന്‍ റബര്‍ സ്റ്റാമ്പല്ലെന്നും പറഞ്ഞ് പൗരത്വ ഭേദഗതി വിഷയത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആഞ്ഞടിക്കുകയായിരുന്നു.

എന്നാല്‍ പണ്ട് നാട്ടുരാജക്കന്മാരുടെ മുകളില്‍ റസിഡന്റുമാരുണ്ടായിരുന്നതുപോലെ സംസ്ഥാന സര്‍ക്കാരുകളുടെ മുകളില്‍ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി മലപ്പുറത്ത് ഒരു ചടങ്ങിലായിരുന്നു പ്രതികരിച്ചത്. തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന് ഈ മാസം 31ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമിടേണ്ടതിനാല്‍ പ്രതിസന്ധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

രാഷ്ട്രീയമായി ഗവര്‍ണര്‍ക്കെതിരെ സി.പി.എം രംഗത്ത് വരുമ്പോഴും പ്രത്യക്ഷമായി മുഖ്യമന്ത്രിയും മറ്റും വിമര്‍ശനം കടുപ്പിക്കാത്തത് അതിനാലാണ്. വാര്‍ഡ് വിഭജനത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കുകയും തദ്ദേശമന്ത്രി നേരിട്ട് വിശദീകരിക്കുകയും ചെയ്തിട്ടും സര്‍ക്കാരിന്റെ മറുപടി കിട്ടിയില്ലെന്ന് ഇന്നലെ അദ്ദേഹം പ്രതികരിച്ചിരുന്നു. സര്‍ക്കാരിനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം. വിയോജിപ്പുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീര്‍ക്കുന്നതിന് പകരം, മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിക്കുന്നതാണ് വിവാദമാകുന്നത്.

പൗരത്വഭേദഗതി വിഷയത്തില്‍ കരുണാകരന്‍ അനുസ്മരണച്ചടങ്ങില്‍ നിന്ന് പോലും ഗവര്‍ണറെ വിലക്കിയ പ്രതിപക്ഷനേതാവിന്റെ കത്ത് തന്നെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആയുധമാക്കി. ഓര്‍ഡിനന്‍സില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് തിരിച്ചയയ്ക്കാം. തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും മന്ത്രിസഭ അംഗീകരിച്ച് അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പു വച്ചേ മതിയാകൂ. ഇത് അറിയാവുന്നതിനാലാണ് ഗവര്‍ണര്‍ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാത്തതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ കരുതുകയാണ്.

Comments are closed.