കളിയിക്കാവിള കേസില്‍ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊന്നതെന്ന് മുഖ്യപ്രതികള്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊന്ന കേസില്‍ ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി പൊലീസിന് മുന്നറിയിപ്പ് നല്‍കുകയാണ് കൊലയിലൂടെ ലക്ഷ്യമിട്ടതെന്നും നിരോധിത സംഘടനയായ അല്‍ഉലമയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്നുമാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമും തൗഫീക്കും വെളിപ്പെടുത്തിയത്.

ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന ചിലരുമായി ഷമീമിനും തൗഫിക്കിനും ബന്ധമുണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ക്ക് മറ്റേതെങ്കിലും സംഘടകളുമായി ബന്ധമുണ്ടോയെന്നും ക്യൂബ്രാഞ്ച് പരിശോധിക്കുകയാണ്. ചൊവ്വാഴ്ച ബംഗളൂരൂ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതികളെ ബുധനാഴ്ച തമിഴ്‌നാട് ക്യൂബ്രാഞ്ചിന് കൈമാറി.

വന്‍ സുരക്ഷാ സന്നാഹത്തോടെ റോഡ് മാര്‍ഗം ഇന്നലെ രാവിലെ 5 മണിയോടെ പ്രതികളെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചു. സുരക്ഷാകാരണങ്ങളാല്‍ 6.30തോടെ തക്കല സ്റ്റേഷനിലേക്ക് മാറ്റി. ഏഴുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകുംവരെ തുടര്‍ന്നു. ഉടുപ്പിയില്‍ നിന്ന് ഇതിനിടെ ഡോക്ടര്‍മാരെ സ്റ്റേഷനിലെത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തി. പൊങ്കല്‍ പ്രമാണിച്ച് കോടതി അവധിയായതിനാല്‍ പ്രതികളെ കുഴിത്തുറയില്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Comments are closed.