ഇഎംഎസ് അക്കാദമിയില്‍ ഇന്ന് മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കേരള സര്‍ക്കാരും എല്‍ഡിഎഫും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് ഇഎംഎസ് അക്കാദമിയില്‍ തുടങ്ങും.

പ്രതിപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധം, നിയമസഭാ പ്രമേയം, സുപ്രീംകോടതിയിലെ നിയമയുദ്ധം എന്നിവയെല്ലാം പരക്കെ അംഗീകരിക്കപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. തുടര്‍ന്ന് 19ന് തലസ്ഥാനത്ത് ബഹുജനറാലിയും സംഘടിപ്പിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുമ്പോള്‍ ചികിത്സയിലായതിനാല്‍ വിഎസ് അച്ചുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനുണ്ടാകില്ല.

അന്ന് കേന്ദ്ര കമ്മിറ്റിയിലും വാര്‍ത്തയിലും നിറഞ്ഞ് നിന്ന വി എസ് മൂന്ന് വര്‍ഷത്തിന് ശേഷം കേന്ദ്രകമ്മിറ്റിയോഗം തലസ്ഥാനത്ത് നടക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ പങ്കെടുക്കാനാകാത്ത അവസ്ഥയിലാണ്. അന്ന് ഔദ്യോഗികപക്ഷത്തിന്റെ കരുനീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോടിയേരി ബാലകൃഷ്ണനും ചികിത്സയിലാണ്. 2017 ജനുവരി 5,6 ,7 തീയതികളിലായി സിപിഎം കേന്ദ്രകമ്മിറ്റി തിരുവനന്തപുരത്ത് ചേരുമ്പോള്‍ എല്ലാ കണ്ണുകളും വിഎസ് അച്ചുതാനന്ദനിലായിരുന്നു.

ആലപ്പുഴ സമ്മേളനത്തില്‍ നിന്നിറങ്ങി പോയതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ ആവശ്യം. ബന്ധുനിയമനവിവാദത്തില്‍ ഇപി ജയരാജനെതിരെയുള്ള വിജിലന്‍സ് എഫ്‌ഐആറും, മന്ത്രി എംഎം മണിക്കെതിരായ വിചാരണയുമെല്ലാം കേന്ദ്ര കമ്മിറ്റിക്കിടെയാണുണ്ടായത്. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിഎസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു.

Comments are closed.