ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിന് പുറത്തിറങ്ങിയ ഡോ. ജലീസ് അന്‍സാരിയെ മുംബൈയിലെ വസതിയില്‍ നിന്നും കാണാതായി

മുംബൈ: 1993 രാജസ്ഥാന്‍ ബോംബ് സ്ഫോടനകേസില്‍ അറസ്റ്റിലാകുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഡോ. ജലീസ് അന്‍സാരി (69) യെ ഇന്നലെ പുലര്‍ച്ചെ മുതല്‍ മുംബൈയിലെ വസതിയില്‍ നിന്നും കാണാതായി. ഇന്ത്യയില്‍ ഉടനീളമായി നടന്ന അനേകം സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇയാള്‍ 21 ദിവസത്തെ പരോളിന് പുറത്തിറങ്ങിയതായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കായി മുംബൈ സെന്‍ട്രലിലെ മോമിന്‍പോരയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ അന്‍സാരി വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കുടുംബാംഗങ്ങള്‍ ഇയാള്‍ പതിവായി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന ഉള്ളതിനാല്‍ അവിടെയുണ്ടാകുമെന്ന് കരുതി സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും മുംബൈ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രൊഫഷന്‍ വെച്ച് എംബിബിഎസ് ഡോക്ടറായ അന്‍സാരി കൊടും കുറ്റവാളിയാണ്. ഇന്തയില്‍ ഉടനീളമായി നടന്ന 50 ലധികം സ്ഫോടനങ്ങളില്‍ പങ്കാളിയായിട്ടുള്ള അന്‍സാരി 1993 ഡിസംബര്‍ 5, 6 തീയതികളിലായി രാജസ്ഥാനിലെ ആറിടങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് അജ്മീര്‍ ജയിലില്‍ കഴിയുകയായിരുന്നു. 15 – 30 ദിവസത്തെ പരോളിനായി ഇയാള്‍ ആവശ്യപ്പെടുക പതിവായിരുന്നു. പ്രത്യേക കേസായതിനാല്‍ ഡിവിഷണല്‍ കമ്മീഷണര്‍ ഇദ്ദേഹത്തിന്റെ പരോള്‍ അപേക്ഷ തള്ളിയിരുന്നു.

ഇതേ തുടര്‍ന്ന് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തിയതോടെയാണ് അന്‍സാരിക്ക് പരോള്‍ കിട്ടിയത്. 1993 ഡിസംബര്‍ 5,6 തീയതികളിലെ രാത്രിയില്‍ ഹൈദരാബാദിലെ സ്ഫോടന പരമ്പര സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റിലായി. ഐഇഡിയുടെ സഹായത്തോടെ വീര്യം കുറഞ്ഞ സ്ഫോടനങ്ങളായിരുന്നു ഇവ. ഈ കേസില്‍ 2015 ല്‍ കുറ്റവിമുക്തനാക്കി. 2018 ല്‍ മലേഗാവ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

Comments are closed.