പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പഞ്ചാബ് നിയമസഭയും പാസാക്കി

ഛണ്ഡിഗഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പഞ്ചാബ് നിയമസഭയും പാസാക്കിയിരിക്കുകയാണ്.

പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഒരു സംസ്ഥാന കൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്. തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും.

അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

Comments are closed.