നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളിക്കൊണ്ട് ഫെബ്രുവരി ഒന്നിന് മരണവാറണ്ട് പുറപ്പെടുവിച്ച് കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതായി കോടതിയെ അറിയിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പുതിയ തീയതി നിശ്ചയിക്കാന്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന് ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവരുടെ വധശിക്ഷ തിഹാര്‍ ജയിലില്‍ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് നടപ്പാക്കാനാണ് ജഡ്ജി സതീഷ് അറോറ ഉത്തരവിട്ടത്.
മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. ഈ ശുപാര്‍ശ ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി മണിക്കൂറുകള്‍ക്കുള്ളില്‍ ദയാഹര്‍ജി തള്ളുകയും തുടര്‍ന്ന് വിവരം മുകേഷ് സിംഗിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
അതിനു പിന്നാലെ പിന്നാലെ പുതിയ മരണവാറണ്ട് പാട്യാല അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ദയാഹര്‍ജി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് കുറഞ്ഞത് 14 ദിവസം നല്‍കണമെന്ന ചട്ടപ്രകാരമാണ് ഫെബ്രുവരി 1 എന്ന പുതിയ തീയതി തീരുമാനിച്ചത്. പ്രതികളെ 22ന് രാവിലെ ഏഴിന് തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് കോടതി വിധിച്ചത്. തുടര്‍ന്ന് ജനുവരി 14ന് തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. ഇത് ചൂണ്ടിക്കാട്ടി മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് പാട്യാല കോടതിയെ സമീപിക്കുകയായിരുന്നു.
Comments are closed.