കുട്ടനാട്ടില്‍ ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് ജോസഫ്-ജോസ് വിഭാഗം

ആലപ്പുഴ: കുട്ടനാട്ടില്‍ ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് ജോസഫ്-ജോസ് വിഭാഗം. തുടര്‍ന്ന് കുട്ടനാട്ടില്‍ സമാന്തര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോകാനാണ് ജോസഫ്, ജോസ് പക്ഷങ്ങളുടെ തീരുമാനം. അതേസമയം രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ വാദം കേള്‍ക്കുന്നതാണ്.

പ്രളയക്കെടുതിയില്‍ നിന്ന് രക്ഷനേടാന്‍ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം മങ്കൊമ്പില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചത്. ജേക്കബ് എബ്രഹാമായിരുന്നു സമരനായകന്‍. ഡിസിസി പ്രസിഡന്റ് എം ലിജുവടക്കം കോണ്‍ഗ്രസ് നേതാക്കളെയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടകനായി എത്തിയ പിജെ ജോസഫ്, ജേക്കബ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം അടക്കം നിലപാട് അറിയിച്ചിരുന്നു.

അതേസമയം രാമങ്കരിയില്‍ കുട്ടനാട്ടിലെ ജനകീയ വിഷയങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനാണ്, ജോസ് കെ. മാണി വിഭാഗം സംഘടിപ്പിച്ചത്. ജോസ് വിഭാഗം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഡോ. ഷാജോ കണ്ടക്കുടി, ബിനു ഐസക് രാജു എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവസാനവാക്ക് ജോസ് കെ. മാണിയുടേതാണെന്ന് നേതാക്കള്‍ പറയുന്നു.

Comments are closed.