കേസ് നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ട, അതേസമയം ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും എ.കെ ബാലന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന ഗുരുതര ആരോപണം ഉയര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറയുന്നു. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഉത്തരവിടുന്നതിനു മുമ്പ് ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ബിസിനസ് ഓഫ് ഗവണ്‍മെന്റ് റൂള്‍ 34(2) ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

നേരിട്ടോ, മന്ത്രിമാര്‍ വഴിയോ, ഉദ്യോഗസ്ഥര്‍ മൃഖേനയോ തന്നെ അറിയിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതാണെന്നും അദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇതിന് കേസ് നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ട, അതേസമയം ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും കേന്ദ്ര സര്‍ക്കാരുമായോ, കോടതിയുമായോ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമാണ് കാര്യങ്ങള്‍ നേരിട്ട് ഗവര്‍ണറെ അറിയിക്കേണ്ടത്.

എന്നാല്‍ ഇവിടെ ഇത്തരത്തില്‍ കേന്ദ്രവുമായി സംസ്ഥാനം ഒരു ഏറ്റുമുട്ടലുമുണ്ടായിട്ടില്ല. നിയമപരമായ ഒരു നടപടിക്രമം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. കേന്ദ്രം പാസാക്കിയ പൗരത്വ നിയമം ഭരണഘടനാവിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 131-ാം വകുപ്പാണ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് ഗവര്‍ണര്‍ക്കോ, കേന്ദ്രത്തിനോ എതിരല്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.

അതിനാല്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇത് ഒരിക്കലും ഗവര്‍ണറെ അപമാനിക്കാനുള്ളതല്ല. അദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ആശങ്ക പരിഹരിക്കുമെന്നും, തെറ്റിദ്ധാരണ നീക്കുമെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിന് നില്‍ക്കാതെ ഇത് നിയമപരമായ ഒരു നടപടി ക്രമം മാത്രമാണ് എന്ന വിശദീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

Comments are closed.