തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയില്‍ യു.എ.ഇ.

ദുബായ്: ഓരോരാജ്യത്തും നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയില്‍ യു.എ.ഇ.യും എത്തി. ഭീകരവാദപ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ 130-ാം സ്ഥാനത്താണ് യു.എ.ഇ. മധ്യപൂര്‍വ്വേഷ്യയില്‍ ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്.

പട്ടികയില്‍ 130-ാം സ്ഥാനത്തുള്ള യു.എ.ഇ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യമാണെന്ന് ലോക ഭീകരവാദസൂചിക വ്യക്തമാക്കിയതായി നാഷണല്‍ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി അറിയിച്ചു.

അതേസമയം അഫ്ഗാനിസ്താന്‍, ഇറാഖ്, നൈജീരിയ, സിറിയ, പാകിസ്താന്‍, സോമാലിയ, ഇന്ത്യ, യെമന്‍, ഫിലിപ്പൈന്‍സ്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങള്‍. ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ കണക്കുകളില്‍ 2018-ലേക്കാള്‍ 15 ശതമാനത്തിന്റെ കുറവാണ് 2019-ല്‍ രേഖപ്പെടുത്തിയത്.

98-ഓളം രാജ്യങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ 38 ശതമാനം തീവ്രവാദ മരണങ്ങള്‍ക്കും പിന്നില്‍ താലിബാന്‍ ആണെന്നും കണക്കുകളില്‍ കാണുന്നു.

Comments are closed.