മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തില്‍ ചലച്ചിത്ര നടി ശബനാ ആസ്മിക്ക് പരിക്ക്

മുംബൈ: മുംബയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ ഖാലപ്പൂരിലുണ്ടായ കാറപകടത്തില്‍ ചലച്ചിത്ര നടി ശബനാ ആസ്മിക്ക് ( 69) പരിക്കേറ്റു. പൂനെയില്‍ നിന്ന് മുംബയിലേക്ക് വരികയായിരുന്നു ശബന ആസ്മിയും ഭര്‍ത്താവും. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ അവര്‍ സഞ്ചരിച്ച ടാറ്റ സഫാരി എസ്. യു. വി ഓടിക്കൊണ്ടിരുന്ന ഒരു ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ആഘാതത്തില്‍ കാറിന്റെ ബോണറ്റും റേഡിയേറ്ററും മുന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗവും പൂര്‍ണമായി തകര്‍ന്നിരുന്നു. ശബനയും ഭര്‍ത്താവും പിന്‍ സീറ്റിലായിരുന്നു. തുടര്‍ന്ന് ശബനയെയും പരിക്കേറ്റ ഡ്രൈവറെയും നവി മുംബയിലെ എം. ജി. എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലയും മുഖവും മുന്നിലെ സീറ്റില്‍ ഇടിച്ചാണ് ശബനയ്ക്ക് പരിക്കേറ്റതെന്നാണ് വിവരം.

മുഖവും കണ്ണും നീര് കെട്ടി വീര്‍ത്ത നിലയിലാണ്. കഴുത്തിനും താടിക്കും പരിക്കുണ്ട്. അപകടസ്ഥലത്ത് കുതിച്ചെത്തിയ ഹൈവേ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ശബനയെ കാറില്‍ നിന്ന് പുറത്തിറക്കിയത്. അങ്കുര്‍, അര്‍ത്ഥ്, മണ്ഡി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച നടിക്ക് 1998ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Comments are closed.