വിദേശ നിര്‍മിത മദ്യത്തിന്റെ മറവില്‍ 50 കോടി രൂപയുടെ തട്ടിപ്പ് ; 2 സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം

കൊച്ചി : ബെല്‍ജിയം, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത 5 കോടിരൂപ വിലയുള്ള മദ്യം, തീരുവ അടയ്ക്കാത്തതിനാല്‍ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണില്‍ പിടിച്ചുവച്ചതിന്റെ ചിത്രങ്ങള്‍ കാണിച്ച് 50 കോടി രൂപയുടെ തട്ടിപ്പ്. ഇതു വിശ്വസിച്ചു 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുന്‍ ഇട്ടൂപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് 2 സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.

എന്നാല്‍ എക്‌സൈസ് തീരുവ അടച്ചു സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷനു മദ്യം കൈമാറാന്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ 60 ദിവസത്തിനുള്ളില്‍ ഇരട്ടിത്തുക വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യമാണു വിദേശമദ്യം ഇറക്കുമതി ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ചാണു മദ്യക്കച്ചവടത്തില്‍ താല്‍പര്യമുള്ള സമ്പന്നരെ വലിയ തുക ലാഭ വാഗ്ദാനം നല്‍കി വലയിലാക്കുന്നത്.

നേരത്തെ പരാതി നല്‍കാന്‍ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകള്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിന്‍മാറ്റിയതായും ആരോപണമുണ്ട്. ഒളിക്യാമറ ഭീഷണിയും ചില പരാതിക്കാര്‍ക്കു നേരെ ഉണ്ടായിരുന്നു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടാല്‍ പ്രതികള്‍ വിദേശത്തേക്കു കടക്കുമെന്നു ചൂണ്ടിക്കാട്ടി വിശദാംശങ്ങള്‍ നല്‍കാന്‍ പൊലീസ് വിസമ്മതിച്ചു.

മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പു സംഘത്തിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരെ മുന്നില്‍ നിര്‍ത്തിയാണു സിനിമ നിര്‍മാതാക്കള്‍ പത്തോളം പേരില്‍ നിന്നു പണം വാങ്ങിയത്. എന്നാല്‍ മിഥുനെപ്പോലെ തട്ടിപ്പിന് ഇരയായ 10 പേര്‍ക്ക് 50 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസിന്റെ കണ്ടെത്തല്‍.

Comments are closed.