2019 ല്‍ ലോകത്ത് ഏറ്റവുമധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്ലിക്കേഷനായി ടിക് ടോക്ക്

വീഡിയോ ഷെയറിങ് സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് 2019 ൽ ലോകത്ത് ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്ലിക്കേഷനായി. ഫെയ്‌സ്ബുക്കിനെ പിന്തള്ളിയാണ് ടിക്ടോക്കിന്റെ നേട്ടം.

ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. 2019 ടിക്ടോക്കിനെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ഡൗൺലോഡുകളുടെ എണ്ണത്തിൽ വാട്സ്ആപ്പാണ് ഒന്നാം സ്ഥാനത്ത്.

മാർക്കറ്റ് അനലിസ്റ്റ് സെൻസർ ടവറിന്റെ റാങ്കിംഗ് അനുസരിച്ച്, ടിക് ടോക്കും അതിന്റെ ചൈനീസ് കൌണ്ടർ പാർട്ടായ ഡൌയിനും 2019 ൽ മൊത്തം 740 ദശലക്ഷം ഡൌൺലോഡുകളാണ് നേടിയത്. ഈ റിപ്പോർട്ടിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ഐഫോൺ, ഐപാഡ് എന്നിവയ്ക്കായി ലോകമെമ്പാടുമുണ്ടായിട്ടുള്ള ഡൌൺലോഡുകൾ ഉൾക്കൊള്ളുന്നു.

പക്ഷേ ആപ്പിൾ ആപ്പ്സിൽ നിന്നുള്ള ഡാറ്റ ഇതിൽ ഉൾപ്പെടുന്നില്ല. പ്രീ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ആപ്പ്സ്, ചൈന ആസ്ഥാനമായുള്ള തേർഡ് പാർട്ടി സ്റ്റോറുകളിൽ നിന്നുള്ള ആൻഡ്രോയിഡ് ഡൗൺലോഡുകൾ എന്നിവയിലെ ഡാറ്റയും ഈ കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല.

ടിക്ടോക്കിന്റെ മുഖ്യ എതിരാളി, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗോയുടെ ഉടമസ്ഥതയിലുള്ള സമാനമായ പ്ലാറ്റ്‌ഫോമായ ലൈക്കെ 330 ദശലക്ഷത്തിലധികം ഡൗൺലോഡുകളുമായി മികച്ച പത്ത് ആപ്പുകളിൽ ഇടം നേടിയിട്ടുണ്ട്.

അതിലും ഏറ്റവും രസകരമായ കാര്യം ലൈക്ക് ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ് എന്നതാണ്. മറ്റൊരു പ്രധാന കാര്യം കണക്കുകൾ പ്രകാരം വാട്സ്ആപ്പ് ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നതിനൊപ്പം പട്ടികയിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ആപ്പുകൾ ഇടം പിടിച്ചിട്ടുണ്ട്.

ടിക്ടോക്ക് 2018 ൽ 655 ദശലക്ഷം ഡൗൺലോഡുകളാണ് നേടിയത്. ഇപ്പോഴുള്ള കണക്കുകൾ അനുസരിച്ച് 13 ശതമാനം വർധനവാണ് ടിക് ടോക്ക് ഡൌൺലോഡിൽ ഉണ്ടായത്. ആപ്ലിക്കേഷനിലൂടെ ധനസമ്പാദനം വർദ്ധിപ്പിക്കാൻ കമ്പനി ശ്രമിക്കുമ്പോൾ തന്നെ കമ്പനിയുടെ 2019 ലെ വരുമാനം 176.9 മില്യൺ ഡോളറാണ് എന്നതും ശ്രദ്ധേയമാണ്.

ടിക്ടോക്കിന്റെ വർദ്ധിച്ചു വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംഭാവന വളരെ കൂടുതലാണ്. 2019ൽ ആപ്പിനുണ്ടായ ഡൌൺലോഡുകളിൽ 44 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ടിക്ക് ടോക്കിലെ പ്രൊഫഷണൽ പബ്ലിഷർമാർ സൃഷ്ടിച്ച കണ്ടന്റുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഫീഡ് പരസ്യദാതാക്കൾക്കായി നിർമ്മിക്കാനുള്ള ഓപ്ഷൻ ടിക്ക് ടോക്ക് പരിഗണിക്കുന്നുണ്ടെന്ന് ടെക് ഇൻ ഏഷ്യ റിപ്പോർട്ടിൽ പറയുന്നു.

പണം സമ്പാദിക്കൽ ആപ്ലിക്കേഷന് ഒരു വെല്ലുവിളിയായി മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹ്രസ്വ വീഡിയോ ഷെയറിങ് എന്ന ആശയമാണ് ടിക് ടോക്കിനെ ജനപ്രിയമാക്കിയത്. ടിക്ടോക്കിന്റെ വളർച്ചയ്ക്ക് തടയിടാൻ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പുതിയ സവിശേഷതകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ടിക് ടോക്ക് ഇന്ത്യയിൽ വൻ ജനപ്രീതി നേടിയിട്ടും ഒരു സമയത്ത് ആപ്പ് ഇന്ത്യയിൽ നിരോധിച്ചിരുന്നു. കണ്ടന്റിനെ സംബന്ധിച്ച ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യൽ, അശ്ലീല ഉള്ളടക്കം, മറ്റ് ദോഷകരമായ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

ഇപ്പോഴും മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് കീഴിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. എന്തായാലും അപ്ലിക്കേഷനിലുണ്ടായിരുന്ന നിരോധനത്തിന് കാരണമായ കണ്ടന്റുകൾ നീക്കം ചെയ്തുവെന്നും ഇനി മുതൽ അത്തരം കണ്ടന്റുകൾ ആപ്പിൽ ഉണ്ടാകില്ലെന്നും ടിക് ടോക്ക് ഉറപ്പ് നൽകി.

ടിക്ടോക്ക് നൽകിയ ഉറപ്പിനെ തുടർന്ന് നിരോധനം പിൻവലിക്കുകയും അപ്ലിക്കേഷൻ ഗൂഗിൾ സ്റ്റോറിലും ആപ്പ് സ്റ്റോറിലും തിരികെ ലഭ്യമാക്കുകയും ചെയ്തു. നിരോധന സമയത്ത് ഡൌൺ‌ലോഡുകൾ‌ 33 ശതമാനത്തിലധികം ഇടിഞ്ഞു. ഇത് ടിക്ടോക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ തടസ്സപ്പെടുത്തി. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചപ്പോൾ ഓരോ ദിവസവും 500,000 ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടായതായി മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് വെളിപ്പെടുത്തിയിരുന്നു.

Comments are closed.