പൗരത്വ നിയമം നടപ്പാക്കുമ്പോള്‍ മുസ്ളീങ്ങളെ മാത്രമല്ല അഫ്ഗാനിലെ എല്ലാ ജനതയെയും ഒരു പോലെ പരിഗണിക്കണമെന്ന് ഹമീദ് കര്‍സായി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് അഫ്ഗാനിസ്ഥാന്‍ നേതാവ് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രംഗത്തെത്തി. ഇന്ത്യ ഇത്തരത്തില്‍ ഒരു നിയമം നടപ്പാക്കുമ്പോള്‍ അമുസ്ളീങ്ങളെ മാത്രമല്ല അഫ്ഗാനിലെ എല്ലാ ജനതയെയും ഒരു പോലെ പരിഗണിക്കണമെന്നും അഫ്ഗാനില്‍ എല്ലാ ജനവിഭാഗവും പീഡനം അനുഭവിക്കുന്നവരാണെന്നും അമുസ്ളീങ്ങള്‍ മാത്രമല്ല അക്രമത്തിനിരയാകുന്നതെന്നും കര്‍സായി പറയുന്നു.

പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ മുസ്ളീങ്ങള്‍ ഒഴികെയുള്ള എല്ലാ മതക്കാര്‍ക്കും പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം വലിയ പ്രതിഷേധമാണ് വിളിച്ചു വരുത്തുന്നത്. എന്നാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുമ്പോള്‍ അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കണമെന്നും അഫ്ഗാനില്‍ ന്യൂനപക്ഷ വിഭാഗം മാത്രമല്ല പീഡനത്തിന് ഇരയാകുന്നതെന്നും രാജ്യം മുഴുവന്‍ അക്രമത്തിന്റെ ഇരകളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മുസ്ളീങ്ങളും ഹിന്ദുക്കളും സിഖുകാരും ഇരകളാണ്. ഇക്കാര്യത്തില്‍ ഇന്ത്യ മനസ്സിലാക്കുന്നതിനേക്കാള്‍ ഏറെ വ്യത്യസ്തമാണ് അഫ്ഗാനിലെ സ്ഥിതി. താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 90 കളിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാണാന്‍ വന്നു. പോകുമ്പോള്‍ അദ്ദേഹം തന്നോട് ഇങ്ങിനെ അപേക്ഷിച്ചു. നമ്മുടെ ഹിന്ദുക്കളും സിഖുകാരും താലിബാന്‍ ഭരണകാലത്ത് ഏറെ അനുഭവിച്ചു. അതിനാല്‍ അവര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്.

അവര്‍ ഇന്ത്യയിലേക്കോ പാകിസ്താനിലേക്കോ എവിടേയ്ക്കാണ് പലായനം ചെയ്തതെങ്കിലും അവിടെ നിന്നും അവരെ തിരികെ കൊണ്ടു വരണമെന്നും അവരുടെ വസ്തുവകകള്‍ പുന: സ്ഥാപിക്കണമെന്നും പറയുകയായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ വികാരം ഇങ്ങിനെയാണ്. ഇതേ മനോഭാവം ഇന്ത്യയിലും പ്രതിഫലിക്കുമെന്നും മുസ്ളീങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അഫ്ഗാന്‍കാരെ പരിഗണിക്കാന്‍ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍സായി വ്യക്തമാക്കി.

Comments are closed.