നിര്‍ഭയ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ ഇളവ് തേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പവന്‍ ഗുപ്ത നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ ഇളവ് തേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷന്‍, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് തള്ളി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുന്‍പ് പരിഗണിച്ചിരുന്നെന്നും വിശദമായി പരിശോധിച്ച് ഹര്‍ജി തള്ളിയതാണെന്നും പറയുകയായിരുന്നു. അതേസമയം സ്‌കൂള്‍ രേഖ പ്രകാരം ജനന തീയതി 1996 ഒക്ടോബര്‍ 8നാണെന്ന് പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ.പി. സിംഗ് വാദിച്ചിരുന്നു.

എന്നാല്‍ രേഖകള്‍ എല്ലാം പരിശോധിച്ചതാണെന്നും പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡല്‍ഹി സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവരുടെ വധശിക്ഷ തിഹാര്‍ ജയിലില്‍ ഫെബ്രുവരി 1ന് രാവിലെ 6ന് നടപ്പാക്കാന്‍ പാട്യാല അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്.

പവന്‍ ഗുപ്തയുടെ ഹര്‍ജി മൂന്നുതവണ കീഴ്‌ക്കോടതിയും പിന്നീട് ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീം കോടതിയും കേട്ടതാണ്. അപ്പീലുകള്‍ക്ക് സമയപരിധി നിശ്ചയിക്കണം. വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നത് തടയാനും നീതി നടപ്പാക്കാനും ഇത് സഹായിക്കുമന്നും നിര്‍ഭയയുടെ പിതാവ് പറഞ്ഞു.

Comments are closed.