ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നു

ബംഗളൂരു: ബംഗളൂരുവിലെ നന്ദിനി ലേ ഔട്ടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ വിശ്രമിക്കുമ്പോള്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ ടാക്‌സി ഡ്രൈവറായ ചേതനാണ് പൊലീസില്‍ പരാതി നല്‍കിയത്. രാത്രി രണ്ടു മണിയോടെ കാറിന്റെ വാതില്‍ തുറക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേര്‍ എത്തുകയും എന്നാല്‍ ഉടനെ വാതില്‍ ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അബദ്ധത്തില്‍ തുറന്നു പോവുകയായിരുന്നു.

തുടര്‍ന്ന് അക്രമി സംഘം തന്നെ വലിച്ചിഴച്ച് പുറത്തിടുകയും മരത്തടികൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ കൈയിലുള്ള മൊബൈല്‍ഫോണും 22,000 രൂപയും തട്ടിയെടുത്തതായും ചേതന്‍ പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ചേതന്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Comments are closed.