നെക്സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ
ജനുവരി 28 -ന് നെക്സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. 2019 ഡിസംബറില്‍ വാഹനത്തെ അവതരിപ്പിച്ചെങ്കിലും വിലയോ, ഫീച്ചറുകളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.
വിപണിയില്‍ വരാനിരിക്കുന്ന നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഡിസൈന്‍ ഘടന തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിലും നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനത്തിന്റെ പുറത്തും, അകത്തും നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.
പൂര്‍ണമായും പുതുക്കിയ മുന്‍ഭാഗമാണ് നെക്സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷത. സ്പോര്‍ടി ഭാവത്തിനൊപ്പം കൂടുതല്‍ പ്രീമിയം നിലവാരം കൂടി വിളിച്ചേതുന്നതാണ് മുന്നിലെ ഡിസൈന്‍.
പുതുക്കിയ നേര്‍ത്ത ഗ്രില്ല്, അതിന് നടുവിലായി ടാറ്റയുടെ ലോഗോ പ്രൗഡിയോടെ സ്ഥാനം പിടിച്ചിരിക്കുന്നു. അതിന് സമീപത്തായി തന്നെ ഇലക്ട്രിക്ക് വാഹനം എന്ന് തോന്നിപ്പിക്കുന്നതിമായി EV എന്നൊരു ബാഡ്ജിങും കമ്പനി നല്‍കിയിട്ടുണ്ട്.
എല്‍ഇഡി അല്ലെങ്കിലും പ്രൊജക്ടഹെഡ്ലാമ്പും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഹാലോജന്‍ ഹെഡ്ലാമ്പിനെക്കാള് മികച്ചത് എന്ന് വേണം പറയാന്‍. ഹെഡ്ലാമ്പ് ക്ലസ്റ്ററില്‍ തന്നെയാണ് പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പും ഇടംപിടിച്ചിരിക്കുന്നത്.
മുന്നിലെ അഴക് വര്‍ധിപ്പിക്കുന്നതിനായി X ആകൃതിയാണ് ഡേ ടൈം റണ്ണിങ് ലാമ്പിന് നല്‍കിയിരിക്കുന്നത്. ബമ്പറില്‍ തന്നെ ഫോഗ്ലാമ്പുകള്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍വശത്തെ ബമ്പറില്‍ താഴെയുള്ള മധ്യഭാഗത്ത് ഒരു വലിയ എയര്‍ ഡാമുണ്ട്, ടാറ്റ മോട്ടോര്‍സ് ‘ഇലക്ട്രിക്ക് ബ്ലൂ’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഈ ‘ഇലക്ട്രിക്ക് ബ്ലൂ’ ആക്സന്റുകള്‍ മുന്‍വശത്തുള്ള പിയാനോ-ബ്ലാക്ക് സ്ലാറ്റിന് താഴെയും വാഹനത്തിന്റെ വശങ്ങളിലും പിന്‍ഭാഗത്തും കാണാന്‍ സാധിക്കും. വലിയൊരു എസ്യുവി എന്ന് തോന്നിപ്പിക്കുന്ന വിധം പരന്ന വലിയ ബോണറ്റും വാഹനത്തിന്റെ സവിശേഷതയാണ്.
വശങ്ങളിലേക്ക് വരുമ്പോള്‍ ആദ്യ നോട്ടത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. മുന്നില്‍ കണ്ട ഇലക്ട്രിക്ക് ബ്ലൂ ആക്സന്റുകള്‍ വശങ്ങളിലും, ഡോര്‍ വിന്‍ഡോയ്ക്ക് താഴെയായി കാണാന്‍ സാധിക്കും. മുന്നില്‍ നല്‍കിയിരിക്കുന്ന പോലെ ഒരു EV ബാഡ്ജിങ് മുന്വതിലിനു സമീപത്തും കമ്പനി നല്‍കിയിട്ടുണ്ട്.
പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും നെക്സോണ്‍ ഇലക്ട്രിക്കിന്റെ വശങ്ങളെ മനോഹരമാക്കുന്നു. വാഹനത്തിന്റെ പിന്നിലും വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുതിതിയിട്ടില്ലെന്നു വേണം പറയാന്‍. ഇലക്ട്രിക് ബ്ലൂ ആക്സന്റുകള്‍ ടെയില്‍ലാമ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഹാരിയറിലും, ആള്‍ട്രോസിലും കണ്ടിരിക്കുന്നതുപോലെ നെക്സോണ്‍ എന്ന ബാഡ്ജിങ് ബൂട്ട് ലിഡിന്റെ മധ്യഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായ നെക്സോണ്‍ പതിപ്പുകളില്‍ ബാഡ്ജിങ് നല്‍കിയിരിക്കുന്ന വശങ്ങളിലായിട്ടാണ്. EV, സിപ്ട്രോണ്‍ ബാഡ്ജിങ് വശങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.
പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. എല്ലാവര്ക്കും സുപരിചിതം ആണെങ്കിലും പുതുക്കിയെടുത്ത ക്യാബിനാണ് നെക്സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷത.
ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്ട്രോള് സ്വിച്ചുകളും, ഓഡിയോ, കോള്‍ എന്നിവ നിയന്ത്രിക്കുന്നതിനായുള്ള സ്വിച്ചുകളും നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീലിന് പിന്നില്‍ ഒരു ഡിജിറ്റല്‍ ഡിസ്പ്ലേയും അനലോഗ് സ്പീഡോമീറ്ററും ഉള്ള ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്.
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസില്‍ കണ്ട ഡിജിറ്റല്‍ ഡിസ്പ്ലേയ്ക്ക് സമാനമാണ് ഇത്. എന്നിരുന്നാലും, നെക്സണ്‍ ഇലക്ട്രിക്കില്‍ ഇത് മറ്റ് നിരവധി വിവരങ്ങളും നല്കുന്നു. ബാറ്ററി പവര്‍, ടാക്കോമീറ്റര്‍, ദൂരം (ശ്രേണി), ബാറ്ററി ശതമാനം, റീജനറേറ്റീവ് ബ്രേക്കിങ് ഉപയോഗം തുടങ്ങി നിരവധി വിവരങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാം.
സെന്റര്‍ കണ്സോളിലേക്ക് വന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, അന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ഫ്ളോട്ടിങ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്.
Comments are closed.