ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ അറസ്റ്റില്‍

കൊല്ലം: മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. ബംഗളൂരു വൈറ്റ് ഫീല്‍ഡ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച രാത്രി കൊല്ലത്തേക്ക് വന്ന പുനലൂര്‍ സ്വദേശിനികളാണ് മദ്യലഹരിയിലെത്തിയവരുടെ അതിക്രമത്തിന് ഇരയായത്.

തുടര്‍ന്ന് കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തന്‍വീട്ടില്‍ വിഷ്ണു വി. ദേവ് (22), ചവറ അരിനല്ലൂര്‍ പുളിക്കത്തറ ഹൗസില്‍ ഗോകുല്‍ (22), പുളിക്കര സബീന മന്‍സിലില്‍ ഷിജു (30) എന്നിവരെ ആലപ്പുഴ റെയില്‍വേ എസ്.ഐ വി. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ പഠിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം വീട്ടമ്മ മരുമകള്‍ക്കൊപ്പം ട്രെയിനില്‍ കയറുകയും എ.സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ അക്രമികളടക്കം ആറ് ശുചീകരണ തൊഴിലാളികളെത്തുകയായിരുന്നു.

മലയാളികളാണോ എന്ന് ചോദിച്ചാണ് ഇവര്‍ അക്രമം തുടങ്ങിയത്. പ്രതികരിക്കാതെ ഇരുന്നപ്പോള്‍ അസഭ്യം പറയുകയും കാലില്‍ പിടിച്ച് ബര്‍ത്തില്‍ നിന്ന് താഴേക്ക് വലിച്ചിടാനും ശ്രമിച്ചിരുന്നു. റെയില്‍വേയുടെ അലര്‍ട്ട് നമ്പരായ 182 ല്‍ സഹായത്തിനായി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും വീട്ടമ്മ പറഞ്ഞു. ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ കോച്ചിലെത്തിയ ടി.ടി.ഇയെ ഇവര്‍ വിവരം അറിയിച്ചു. ഇദ്ദേഹം അക്രമി സംഘത്തെ തടഞ്ഞുവച്ചു. ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Comments are closed.