Ultimate magazine theme for WordPress.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസ് : അടുത്ത മാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കും

കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമയ്ക്കാന്‍ ഫാദര്‍ പോള്‍ തേലക്കാട്ട് അടക്കം അഞ്ചു വൈദികര്‍ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അടുത്ത മാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീര്‍ക്കാനായി കോന്തുരുത്തി സ്വദേശി ആദ്യത്യനാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് രേഖ ചമച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍, വ്യാജ രേഖയെ യാഥാര്‍ത്ഥ രേഖ എന്ന രീതിയില്‍ അവതരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് വൈദികര്‍ക്കെതിരെ ചുമത്തിയത്. മറ്റു രണ്ടു വൈദികരും ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, ഫാ. ആന്റണി കല്ലൂക്കാരന്‍, ഫാ. സണ്ണി കളപ്പുര എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ കേസിലെ ഒരു പ്രതി വിഷ്ണവിനെ മാപ്പു സാക്ഷിയാക്കിയേക്കും.

2019 ജനുവരിയില്‍ സിനഡിലായിരുന്നു മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കര്‍ദിനാളിന് എതിരായ രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സിനഡാണ് പൊലീസിനെ സമീപിച്ചത്. മനത്തോടത്തിന് കുറ്റ കൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Comments are closed.