പൊതുമേഖലാ ഓഹരി വില്പന ആശയം പാളിയതോടെ ബഡ്ജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ഓഹരി വില്പന ആശയം പാളിയതോടെ ബഡ്ജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശങ്കയിലായി. 2018-19ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 1.91 ലക്ഷം കോടി രൂപയുടെ നികുതി വരുമാനക്കുറവ് സര്‍ക്കാര്‍ നേരിട്ടിരുന്നു. എന്നാല്‍ 2019-20 വര്‍ഷത്തിലും നികുതി വരുമാനം ഉയരാന്‍ സാധ്യതയില്ല. പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവര്‍ഷം ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി രൂപയാണ്.

എന്നാല്‍, ജനുവരി ഒമ്പത് വരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 18,095 കോടി രൂപയായിരുന്നു. അതേസമയം കോര്‍പ്പറേറ്ര് നികുതി കുറച്ചത് വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സ്ഥിതിയില്‍ നിന്നുകൊണ്ടാണ്, വ്യക്തിഗത ആദായ നികുതി കുറയ്ക്കണമെന്ന ശക്തമായ ആവശ്യത്തെയും ധനമന്ത്രി നേരിടാനൊരുങ്ങുന്നത്.

എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കോണ്‍കോര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയാണ് പട്ടികയിലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍. ഇവ വിറ്റുകിട്ടേണ്ട വരുമാനം കൂടി ഉള്‍പ്പെടുത്തി, അടുത്തവര്‍ഷത്തേക്കുള്ള ലക്ഷ്യം 1.50 ലക്ഷം കോടി രൂപയായി ധനമന്ത്രി ഉയര്‍ത്താനാണ് സാധ്യത.

Comments are closed.