കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം : ഓര്‍ത്തഡോക്‌സ് സഭ വികാരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണമെന്ന ആവശ്യത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. ജനവരി 9 ന് പള്ളി ഭരണം രണ്ടാഴ്ചയ്ക്കകം ഏറ്റെടുത്തു റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് സാധ്യത. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി മൂവാറ്റുപുഴ ആര്‍ഡിഒ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയെങ്കിലും യാക്കോബായ വിഭാഗം എതിര്‍ത്തതിനാല്‍ മടങ്ങി പോകേണ്ടിവന്ന കാര്യം കളക്ടര്‍ കോടതിയെ അറിയിക്കുകയും തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സാവകാശവും തേടാനാണ് സാധ്യത.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും പള്ളിയില്‍ കയറാന്‍ കഴിയാതെ വന്നതോടെയാണ് പൊലീസിനെതിരെ കോടതിയ ലക്ഷ്യ ഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

Comments are closed.