സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കാനുള്ള നടപടികള്‍ക്കു തുടക്കമിട്ട് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാന്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കാനുള്ള നടപടികള്‍ക്കു ധനവകുപ്പ് തുടക്കമിട്ടു. ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ വര്‍ഷത്തിലൊരിക്കല്‍ മാര്‍ച്ചിലാകും നടപ്പാക്കുക.

എന്നാല്‍ നിയമപരമായി വിരമിക്കല്‍പ്രായം ദീര്‍ഘിപ്പിക്കില്ലെങ്കിലും ഒരുമാസം മുതല്‍ ഒരുവര്‍ഷംവരെ സേവനകാലാവധി നീട്ടിക്കിട്ടും. നിലവില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍, പലപ്പോഴായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യവിതരണത്തില്‍ നിന്ന് സര്‍ക്കാരിനു മോചനം നേടാം. തുടര്‍ന്ന് മാസംതോറും ആനുകൂല്യങ്ങള്‍ക്കായി കണ്ടെത്തേണ്ട പണം സര്‍ക്കാരിനു മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. മാര്‍ച്ചിനുശേഷം വിരമിക്കേണ്ട ജീവനക്കാര്‍ക്ക് അടുത്ത മാര്‍ച്ച് വരെ സേവനകാലാവധി നീട്ടിക്കിട്ടും.

എന്നാല്‍ വിരമിക്കല്‍ തീയതി ഏകീകരിക്കുന്നത്, സര്‍വീസിലുള്ള മറ്റു ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെങ്കിലും സര്‍ക്കാരിനു സാമ്പത്തികമായി അതും നേട്ടമാണ്. പിണറായി സര്‍ക്കാരിന്റെ കാലാവധി 2021 മേയ് വരെയാണ്. വിരമിക്കല്‍ തീയതി ഏകീകരിക്കുന്നതോടെ, ഈ മാര്‍ച്ചിനുശേഷം വിരമിക്കേണ്ട ജീവനക്കാര്‍ക്ക് 2021 മാര്‍ച്ച് വരെ തുടരാവുന്നതാണ്. വി.എസ്. സര്‍ക്കാരിന്റെ കാലത്തും ജീവനക്കാരുടെ വിരമിക്കല്‍തീയതി ഏകീകരിച്ചിരുന്നു. എന്നാല്‍, ജീവനക്കാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതു പിന്‍വലിച്ചിരുന്നു.

Comments are closed.