Ultimate magazine theme for WordPress.

ബുക്കിങ്ങ് ആരംഭിച്ച് ആദ്യദിനം തന്നെ 1,410 ബുക്കിങ്ങുകള്‍ നേടി കിയ കാര്‍ണിവല്‍

സെല്‍റ്റോസ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയതോടെ ഇന്ത്യയിലെ പ്രീമിയം എംപിവി ശ്രേണി പിടിക്കാനൊരുങ്ങിയിരിക്കുകയാണ് കിയ. കാര്‍ണിവെലിനെ വിപണിയില്‍ അവതരിപ്പിച്ച് ഈ ശ്രേണി കൈയ്യടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇത് വ്യക്താമാക്കുന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബുക്കിങ്ങ് ആരംഭിച്ച് ആദ്യദിനം തന്നെ 1,410 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി 21- മുതല്‍ കാര്‍ണിവലിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചത്.

ഏകദേശം 30 മുതല്‍ 38 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന് വില പ്രതീക്ഷിക്കാം. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നീ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 64 ശതമാനം ആളുകളും ബുക്കുചെയ്തിരിക്കുന്നത് കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ ലിമോസിനാണ്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകും.

ഏഴ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കുക. മധ്യനിരയില്‍ ലക്ഷ്വറി വിഐപി സീറ്റ് ഓപ്ഷണലാണ്. എട്ട് സീറ്ററില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഒമ്പത് സീറ്ററില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുമാണ് ഒരുങ്ങുന്നത്. നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നോവ ക്രിസ്റ്റയാണ് മുഖ്യഎതിരാളിയെങ്കിലും വലിപ്പത്തിലും ഫീച്ചറുകളിലും ക്രിസ്റ്റയെക്കാള്‍ മുന്‍പന്തിയിലാണ് കാര്‍ണിവല്‍. 5,115 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും 3,060 mm വീല്‍ബേസുമാണ് കാര്‍ണിവെല്ലിനുള്ളത്. വിദേശത്ത് ഏഴ്, എട്ട്, പതിനൊന്ന് സീറ്റര്‍ ഓപ്ഷനില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവയാണ് കാര്‍ണിവലിന്റെ മുന്‍വശത്തെ സവിശേഷതകള്‍. 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്ന തരത്തിലാണ് നല്‍കിയിരിക്കുന്നത്. UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് അകത്തളത്തെ പ്രധാന സവിശേഷത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് സണ്‍റൂഫുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയില്‍ഗേറ്റ് എന്നിവ അകത്തളത്തിലെ സവിശേഷതയാണ്. പിന്നിലെ യാത്രക്കാര്‍ക്കായി ഓപ്ഷനായി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനും കമ്പനി നല്‍കിയേക്കും.

എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 3,800 rpm -ല്‍ 200 bhp കരുത്തും 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കും വാഹനത്തില്‍ ഇടംപിടിക്കുക.

Comments are closed.