ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ബിജെപി വനിതാ നേതാവിനെതിരെ കേസ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ബിജെപി വനിതാ നേതാവും ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു.

കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ കരന്ത്‌ലജെ ജനുവരി 22ന് ചിത്ര സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു.

കൂടാതെ ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സമാധാനപരമായ’ അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്‌ലജെ പറഞ്ഞിരുന്നു.

അതേസമയം ഇത് വ്യാജവാര്‍ത്തയാണെന്നും കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കുറ്റിപ്പുറം പൊലീസ് വ്യക്തമാക്കി.

Comments are closed.