Ultimate magazine theme for WordPress.

കാസര്‍ഗോഡ് അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സഹ അധ്യാപകന്‍ പോലീസ് കസ്റ്റഡിയില്‍

മഞ്ചേശ്വരം: കാസര്‍ഗോഡ് അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സഹ അധ്യാപകന്‍ പോലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ 18 ാം തീയതി രാവിലെ പെര്‍വാഡ് കടപ്പുറത്ത് നിന്നും മിയ പദവിലെ അധ്യാപിക രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ നടന്നത് കൊലപാതകമെന്ന് പോലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് സഹ അധ്യാപകന്‍ വെങ്കിട രമണ കാരന്തിനെ കസ്റ്റഡിയില്‍ എടുത്തു. വെള്ളം നിറച്ച ബക്കറ്റില്‍ തലമുക്കിയാണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പിന്നീട് കണ്വ തീര്‍ഥ കടപ്പുറത്ത് തള്ളി. കേസ് മഞ്ചേശ്വരം പോലീസില്‍ നിന്നും ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെയാണ് രമണ കാരന്ത് സംശയിക്കപ്പെട്ടത്.

ഈ അധ്യാപകന്‍ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് രമണയിലെത്തിയത്. ജനുവരി 16 വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളിലേക്ക് പോയ രൂപശ്രീയെ കാണാതായത്. പിന്നീട് ജനുവരി 18 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് വെള്ളിയാഴ്ച മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണത്തില്‍ ഭര്‍തൃ വീട്ടില്‍ നിന്നിറങ്ങിയ രൂപശ്രീ സ്‌കൂളില്‍ എത്തുകയും ഉച്ചയ്ക്കു ശേഷം സ്വന്തം സ്‌കൂട്ടറില്‍ മടങ്ങുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

അന്വേഷണം നടക്കുന്നതിനിടെ രണ്ടാം ദിവസം കോയിപ്പാടി കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തി. തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അതേസമയം ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Comments are closed.