വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയ്ക്ക് വരണാധികാരിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയ്ക്ക് വരണാധികാരി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ‘ഇന്ത്യ- പാകിസ്താന്‍ മത്സരം പോലെ’ എന്ന മിശ്രയുടെ ട്വീറ്റിനെത്തുടര്‍ന്ന് മാതൃക പെരുമാറ്റ ചട്ടം ലംഘിച്ച കപില്‍ മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ക്ലോസ് ഒന്നിന്റെ ലംഘനമാണ്. മിശ്രയുടെ ട്വീറ്റ് ശ്രദ്ധയില്‍പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് വരണാധികാരി മിശ്രയ്ക്ക് നോട്ടീസ് നല്‍കിയത്. വ്യത്യസ്ത ജാതി മത സമുദായ ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും വെറുപ്പും സംഘര്‍ഷവും സൃഷ്ടിക്കുന്ന യാതൊരുവിധ പരാമര്‍ശമോ പെരുമാറ്റമോ ഒരു കക്ഷിയുടേയോ സ്ഥാനാര്‍ത്ഥിയുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റ ചട്ടം ക്ലോസ് ഒന്നില്‍ പറയുന്നത്.

ഇതുപ്രകാരം മിശ്രയുടെ പ്രവര്‍ത്തി ചട്ടത്തിന്റെ ലംഘനമാണെന്നും നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണെ്ങ്കില്‍ ബോധിപ്പിക്കണമെന്നും വ്യാഴാഴ്ച അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിമഷധം പാകിസ്താന്‍ സ്പോണ്‍സേര്‍ഡ് ആണെന്ന് തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മറ്റൊരു ട്വീറ്റുമായി മിശ്ര വീണ്ടുമെത്തിയിരുന്നു. ഡല്‍ഹിയില്‍ മിനി പാകിസ്താന്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ഷഹീന്‍ ബാഗ്, ചാന്ദ് ബാഗ്, ഇന്ദര്‍ലോക് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നിയമമല്ല പാലിക്കപ്പെടുന്നത്. പാകിസ്താനില്‍ നിന്നുള്ള തെമ്മാടിക്കൂട്ടം ഡല്‍ഹിയിലെ തെരുവുകള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഈ മിനി പാകിസ്താന്‍ സൃഷ്ടിച്ചിരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെയാണ്. ഈ കലാപകാരികള്‍ക്ക് ഫെബ്രുവരി എട്ടിന് രാജ്യസ്നേഹികളായ ജനങ്ങളില്‍ നിന്ന് മറുപടി കിട്ടും. എഎപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ‘മിനി പാകിസ്താന്‍’ സൃഷ്ടിച്ചിരിക്കുന്നത്. ഹഷീന്‍ബാഗ് അതിലൊന്നാണെന്നും മിശ്ര പറഞ്ഞു.

Comments are closed.