കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പട്ടികയില്‍ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍സെക്രട്ടറിമാരുമാണുള്ളത്. അതേസമയം പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ വേണ്ടെന്നുവച്ചിരിക്കുകയാണ്. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് ,കെ.സുധാകരന്‍ എന്നീ എം.പിമാര്‍ തല്‍ക്കാലം തുടരുമെന്നാണ് കരുതുന്നത്.

ഇവരും കെ.പി.സി.സി അദ്ധ്യക്ഷനും ചേരുമ്പോള്‍ ഭാരവാഹികളുടെ എണ്ണം 50 ആയി. എന്നാല്‍ സെക്രട്ടറിമാരെയും കെ.പി.സി.സി എക്‌സിക്യൂട്ടീവിനെയും ഫെബ്രുവരി 10ന് മുമ്പ് പ്രഖ്യാപിക്കുന്നതാണ്. പുതിയ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ജനപ്രതിനിധികള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും അത് ബാധകമാകുമോയെന്ന ചോദ്യമുയരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് സംഘടനാ ചുമതല കൈമാറുന്നതോടെ വര്‍ക്കിംഗ് പ്രസിഡന്റുമാരുടേത് ആലങ്കാരിക പദവി മാത്രമാകും.

വൈസ് പ്രസിഡന്റുമാര്‍ക്ക് കെ.പി.സി.സിയുടെ വിവിധ സമിതികളുടെ ചുമതലകള്‍ നല്‍കിയേക്കും. ഒറ്റ നോട്ടത്തില്‍ ജംബോയല്ലെന്ന് തോന്നിപ്പിക്കുന്നതാണ് പട്ടിക. അതേസമയം ആറ് വൈസ് പ്രസിഡന്റുമാര്‍ നേരത്തേ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ന്നു. ജനറല്‍സെക്രട്ടറിമാരുടെ എണ്ണത്തില്‍ വലിയ മാറ്റമില്ല. നേരത്തേ 33 പേരായിരുന്നത് ഇപ്പോള്‍ 34 പേരായി മാറി. ഇപ്പോള്‍ സംസ്ഥാനനേതൃത്വം സമര്‍പ്പിച്ച പട്ടികയനുസരിച്ച് എഴുപതോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.