കോട്ടയത്ത് മണ്ണ് മാഫിയയുടെ മര്‍ദ്ദനമേറ്റ വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടു

കോട്ടയം: കോട്ടയത്ത് മണ്ണ് മാഫിയയുടെ മര്‍ദ്ദനമേറ്റ വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ട പൊലീസ് പരാതിക്കാരന്റെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന് പരാതി. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ചവിട്ട് വരി സ്വദേശി മഹേഷ് വിജയന്‍.

ബുധനാഴ്ച കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ചാണ് മഹേഷ് വിജയനെ മണ്ണ് മാഫിയക്കാരായ ഒരു കൂട്ടം കരാറുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഭിത്തിയില്‍ തല ഇടിപ്പിച്ചാണ് പരിക്കേല്‍പ്പിച്ചത്. മദ്യപിച്ചെത്തിയ സംഘമാണ് മഹേഷിനെ മര്‍ദ്ദിച്ചത്. എന്നിട്ടും നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയച്ചു. മണ്ണ് മാഫിയയുടെ ഭീഷണി ഇപ്പോഴും ഉണ്ടെന്നും മഹേഷ് പറയുന്നു.

എസ്പിയെ കണ്ടിട്ടും ഫലം കാണാത്ത് കൊണ്ടാണ് ഡിജിപിയെ സമീപിക്കുന്നത്. ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം കോട്ടയം നഗരത്തിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മഹേഷ് വിജയന്‍ നല്‍കിയിരുന്നു.

കൂടാതെ മണ്ണെടുപ്പ് സംബന്ധിച്ച് വിവരാവകാശ രേഖകളും ധാരാളം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദ്ദനം നടത്തിയത്. ആദ്യം പൊലീസ് പരാതി വാങ്ങാന്‍ തയ്യാറായില്ല. മൊഴിയും വിശദമായി രേഖപ്പെടുത്തിയില്ല. ഫോണ്‍ അക്രമികള്‍ ബലമായി പിടിച്ചെടുത്തിരുന്നു.

Comments are closed.